പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് അംഗീകാരം നൽകി ഹൈക്കമാൻഡ്

അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രജ്ഞൻ ചൌധരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ബംഗാളിലെ സഖ്യത്തിന് സിപിഎം കേന്ദ്രകമ്മറ്റി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര പാര്‍ട്ടികളുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കാനാണ് തീരുമാനിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രകമ്മറ്റി അനുമതി നല്‍കിയിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലും ഇടതുമുന്നണി 32 സീറ്റുകളിലും മാത്രമാണ് വിജയിച്ചത്.

294 സീറ്റുകളാണ് പശ്ചിമ ബംഗാള്‍ നിയമസഭയിലുള്ളത്. ബംഗാളില്‍ ഭരണം നിലനിര്‍ത്തുമെന്ന് തൃണമൂല്‍ അവകാശപ്പെടുമ്പോള്‍ ഭരണത്തിലേറുമെന്നാണ് ബിജെപിയുടെ അവകാശവാദം. പഞ്ചിമ ബംഗാളിന് പുറമേ കേരളം തമിഴ്നാട്, അസ്സം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അടുത്ത വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും.

Content Highlights; West Bengal Assembly Election-Congress to ally with Left parties