കൊവിഡ് പരിശോധനാ നിരക്ക് കേരളവും കുറക്കുന്നു

Kerala covid test rate

സ്വകാര്യ ലാബുകളിലും ആശുപത്രികളുലും കൊവിഡ് പരിശോധനാ നിരക്ക് കേരളവും കുറക്കുന്നു. പരിശോധനാ കിറ്റുകളുടേയും പിപിഇ വസ്ത്രവിലകളും കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഒരാഴ്ചക്കകം പുതിയ നിരക്കുകൾ നിലവിൽ വരും. നിരക്ക് കുറക്കുമ്പോൾ വില കുറഞ്ഞ പരിശോധനാ ഉപാധികൾ ഉപയോഗിക്കരുതെന്ന് സർക്കർ കർശന നിർദേശം നൽകും.

നിലവിൽ ആർടിപിസിആർ ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക് 2100 രൂപയാണ്. ഇത് 1500 ന് അടുത്തേക്ക് താഴ്ത്താനാണ് ഉദ്ദേശിക്കുന്നത്. ആന്റിജൻ ടെസ്റ്റിന് 675 രൂപയാണ്. ഇത് പകുതിയായിട്ടാകും കുറക്കുക. അതേ സമയം ആർ.ടിപി.സി.ആർ ടെസ്റ്റിന് ചില സംസ്ഥാനങ്ങൾ 600 രൂപ വരെ താഴ്ത്തിയിരുന്നു. ഇത്തരത്തിലുള്ള താഴ്ത്തൽ കേരളത്തിലുണ്ടാകില്ലെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധനയ്ക്ക് അനുമതി കൊടുത്ത ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് കുറക്കുന്നത്.

കേരളത്തിൽ 49 ലാബുകൾക്കാണ് പരിശോധനാനുമതി ഉള്ളത്. കൊവിഡിന്റെ തുടക്കത്തിൽ 1000 ത്തിനും 1500 നും ഇടയിലായിരുന്നു പിപിഇ കിറ്റ് വില. എന്നാൽ ഇപ്പോൾ ഇത് 100 നും 200 നും ഇടയിലാണ്. ആർടിപിസിആർ കിറ്റിന് തുടക്കത്തിൽ 500 രൂപ വരെയായിരുന്നു. ഇപ്പോൾ 250 നും 300 നും ഇടയിലായി. കൊവിഡ് പരിശോധനാ ഉപാധികൾ ഉണ്ടാക്കുന്ന കമ്പനികളുടെ എണ്ണം കൂടിയതാണ് വിലയിൽ കുറവുണ്ടാകാൻ കാരണം.

Content Highlights; Kerala covid test rate