രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം തുടങ്ങാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ന് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ തുടങ്ങി. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഇന്നും നാളെയുമാണ് ഡ്രൈ റണ്‍. രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളിലായാണു ഡ്രൈ റണ്‍ നടപ്പാക്കുക. കൊവിഡ് വാക്സിനേഷനുള്ള സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഡ്രൈ റണ്‍ നടത്തുന്നത്.
കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്കു നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ എല്ലാം തന്നെ വാക്സിനില്ലാതെ നടത്തുന്ന മോക് ഡ്രിൽ ആണ് ഡ്രൈ റണ്‍. വാക്സിന് കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടതും കുത്തിവെപ്പ് സംബന്ധിച്ച് ക്രമീകരണങ്ങള്‍, വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തില്‍ പരിശോധനക്ക് വിധേയമാകും. യഥാര്‍ഥ വാക്സിന് കുത്തിവയ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണില്‍ ഉണ്ടാകും. ബ്ലോക്ക്, ജില്ലാ തലത്തിലുള്ള ഒരുക്കങ്ങള്‍ മോക് ഡ്രില്ലില്‍ വിലയിരുത്തപ്പെടും.
ഇരുന്നൂറു പേരെയെങ്കിലും കുത്തിവയ്പ് കേന്ദ്രത്തില്‍ എത്തിച്ചാവും മോക് ഡ്രില്‍ നടത്തുക. കുത്തിവച്ച് അരമണിക്കൂറിനുള്ളില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായാല്‍ അവരെ ആശുപത്രിയിലേക്കു മാറ്റാനുള്ള സംവിധാനവും ഡ്രൈ റണ്ണില്‍ പരിശോധിക്കും. വാക്സിനേഷനായി പുറത്തിറക്കിയ മാര്‍ഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താന്‍ ഡ്രൈ റണ്‍ പ്രക്രിയ ആരോഗ്യ മന്ത്രാലയം വിശദമായി വിലയിരുത്തും.
content highlights: Two-Day Coronavirus Vaccine Dry Run Starts In Four States Today