രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും; നിലപാട് വ്യക്തമാക്കാതെ കെ. സുരേന്ദ്രന്‍

Speaker helped in gold smuggling, alleges Surendran

തിരുവനന്തപുരം: കാര്‍ഷിക നിയമഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച സംസ്ഥാനത്തെ ഏക ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ നടപടിയില്‍ കൂടുതല്‍ പ്രതികരിക്കാതെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജഗോപാല്‍ പറഞ്ഞതെന്തെന്നു പരിശോധിക്കും. അദ്ദേഹവുമായി സംസാരിക്കാമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. അതിനിടെയാണ് ബി.ജെ.പിയെ വെട്ടിലാക്കി ഏക എം.എല്‍.എ ഒ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചത്.

പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്ന് രാജഗോപാല്‍ മാധ്യമങ്ങളോടു വ്യക്തമാക്കി. സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിച്ചാണ് രാജഗോപാല്‍ സംസാരിച്ചത്. കര്‍ഷകര്‍ക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്തില്ല. പ്രമേയം എതിര്‍പ്പില്ലാതെ പാസായെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവെ സഭയിലെ പൊതു അഭിപ്രായത്തെ മാനിച്ചാണ് പ്രമേയത്തെ പിന്തുണച്ചതെതെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.

Content Highlight: K Surendran on O Rajagopal’s reply on Farm Law