ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

Speaker P Sriramakrishnan to be questioned by Customs

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കർക്കെതിരെയുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപെട്ടു എന്ന് മൊഴി നൽകിയത്. ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

അടുത്തയാഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചു വരുത്താനാണ് കസ്റ്റംസിന്റെ നീക്കം. സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്പീക്കർ ഉൾപെടെ പല പ്രമുഖരുടേയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഇതേ മൊഴി ആവർത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

ഉന്നതരുടെ പേരുകൾ ഉണ്ടായതിനാൽ തന്നെ മൊഴികളിൽ ആധികാരികത വരുത്താനാണ് മജിസ്ട്രറ്റിന് രഹസ്യ മൊഴി നൽകിയ ശേഷം തുടർ നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്. ഇതേ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പരസ്യമായി പ്രതികരിക്കാനാകില്ലെന്നുമാണ് സ്പീക്കർ വാർത്തയോട് പ്രതികരിച്ചത്.

Content Highlights; Speaker P Sriramakrishnan to be questioned by Customs