യു ഡി എഫിലേക്ക് പോകുന്നത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കും; എന്‍സിപി-യുഡിഎഫ് ലയനത്തെ എതിര്‍ത്ത് ശശീന്ദ്രന്‍

തിരുവനന്തപുരം: പാലാ സീറ്റിന്റെ പേരില്‍ മുന്നണി വിട്ട് പോകുന്ന വിഷയത്തില്‍ എന്‍.സി.പിയില്‍ അസ്വാരസ്യം. മുന്നണിമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാലാ സീറ്റ് നഷ്ടപ്പെടുമെന്ന് ആരാണ് പറഞ്ഞതെന്നും ഇപ്പോഴത്തെ ചര്‍ച്ച അനവസരത്തിലാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

യു.ഡി.എഫിലേക്ക് പോയാല്‍ നിലവിലെ സീറ്റുകള്‍ വിജയിക്കുമോ എന്ന സംശയമുള്ളതിനാല്‍ ഇടത് മുന്നണിയെ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിലവില്‍ എല്‍.ഡി.എഫില്‍ ലഭിച്ച നാല് സീറ്റുകള്‍ യു.ഡി.എഫില്‍ ലഭിക്കുമോയെന്നതും, ഇനി ലഭിച്ചാല്‍ തന്നെ ശശീന്ദ്രന്‍ വിജയിച്ച ഏലത്തൂര്‍ ഉള്‍പ്പടെയുള്ള സീറ്റുകളില്‍ വിജയിക്കാനാകുമോ എന്നതിലും ഈ വിഭാഗത്തിന് ആശങ്കയുണ്ട്.

അതേസമയം, സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ അതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം. എന്നാല്‍ പാലാ സീറ്റിനോട് പ്രത്യേകിച്ച് മമതയില്ലാത്ത മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പക്ഷത്തിനും ഇതില്‍ കടുത്ത എതിര്‍പ്പാണ്.

Content Highlight: Fight over Pala seat, NCP planned to join UDF