കോട്ടയം: സംസ്ഥാനത്തെ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സംഘത്തെ കേരളത്തിലേക്കയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അന്വേഷണ സംഘം സന്ദര്‍ശനത്തിനെത്തുന്നത്. കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി പടര്‍ന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിന് പുറമേ രാജ്യസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിമാചലില്‍ ആയിരത്തിലധികം ദേശാടന പക്ഷികളാണ് പക്ഷിപ്പനി ബാധിച്ച് ചത്തൊടുങ്ങിയത്. മധ്യപ്രദേശില്‍ 400ഓളം കാക്കകളും ചത്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി കണ്ടെത്താനായത്.
പക്ഷിപ്പനി രൂക്ഷമായതോടെ രാജസ്ഥാനിലേക്ക് മധ്യപ്രദേശില്‍ നിന്നും കോഴികളെ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് കോഴിയിറച്ചിയും മുട്ടയും വില്‍ക്കുന്നത് 15 ദിവസത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കണക്കിലെടുത്ത് പഞ്ചാബിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തില്‍ നിന്നും പക്ഷികളെ കൊണ്ടു വരുന്നതിന് കര്‍ണാടകയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പക്ഷിപ്പനി പ്രതിരോധ നടപടികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റില്‍ പ്രത്യേക യോഗവും ചേര്‍ന്നു.
Content Highlight: Center will visit Kerala amid bird flu