രാജ്യത്ത് കൊവിഡ് വാക്സിൻ സൌജന്യമായി നൽകണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സർക്കാരുകൾ

covid vaccine distribution for the states

കൊവിഡ് വാക്സിൻ വിതരണം 16 ന് ആരംഭിക്കാനിരിക്കെ വാക്സിൻ രാജ്യത്ത് എല്ലാവർക്കും സൌജന്യമായി നൽകണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സർക്കാരുകൾ രംഗത്ത്. ആദ്യത്തെ മൂന്ന് കോടി ആളുകൾക്ക് ഉടൻ വാക്സിൻ നൽകുമെന്നും 27 കോടി ആളുകൾക്ക് മുൻഗണനാ ക്രമം നിശ്ചയിച്ച് ഓഗസ്റ്റിനുള്ളിൽ നൽകുമെന്നുമാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വിശദീകരണം.

60 വയസ്സിൽ കൂടുതലുള്ളവർക്ക് പ്രായാടിസ്ഥാനത്തിൽ മുൻഗണനാ ക്രമം സർക്കാർ ആലോചിക്കുന്നുണ്ട്. രാജ്യത്തെ 130 കോടി പേര്‍ക്ക് വാക്സിനേഷന്‍ നിലവിലെ ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിച്ചുമാത്രം സാധ്യമാവില്ല. വാക്സിന്‍ സ്വീകരിക്കുന്നവരെ നിരീക്ഷിക്കാനും സംവിധാനം വേണം. കൂടുതല്‍ രാജ്യങ്ങള്‍ വാക്സിനേഷന്‍ തുടങ്ങുമ്പോള്‍ ലഭ്യതയും പ്രശ്നമാകും. രാജ്യത്ത് ലഭ്യമാകുന്ന വാക്സിന്‍ വിദൂരഗ്രാമങ്ങളില്‍ എത്തിക്കുക, റഫ്രിജറേറ്റര്‍ താപനിലയില്‍ സംഭരിക്കുക എന്നിവയും വലിയ വെല്ലുവിളിയാണ്. വാക്സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസം കൂടുന്തോറും ആവശ്യക്കാരുടെ എണ്ണവും വർധിക്കും. ഈ സാഹചര്യം ചൂഷണം ചെയ്യപ്പെടാന്‍ കാരണം ആകും എന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പൊതുനന്മ മുന്‍നിര്‍ത്തി വാക്സിന്‍ സൗജന്യമായി എല്ലാവര്‍ക്കും ലഭിക്കാനുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സമീപനം പൂര്‍ണമായും അനുകൂലമല്ല. പകരം ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാം എന്നാണ് കേന്ദ്രത്തിന്റെ വ്യക്തമാക്കുന്നത്. എല്ലാവർക്കും സൌജന്യമായി വാക്സിൻ വിതരണം ചെയ്യുക എന്നത് ഇപ്പോഴത്തെ കാര്യത്തിൽ ആലോചിക്കാൻ പറ്റുന്നതല്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് അങ്ങനെ വാക്സിൻ വിതരണം സൌജന്യമായി നടത്തണമെങ്കിൽ അവരുടെ ഖജനാവിൽ നിന്നും പണം മുടക്കി വാക്‌സിന്‍ സൗജന്യമായി എല്ലാവര്‍ക്കും നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നയം.

നാളെ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ സൗജന്യമായി എല്ലാവര്‍ക്കും നല്‍കണം എന്ന് ആവശ്യപ്പെടും.കേരളത്തെയും ചത്തീസ്ഗഡിനെയും പോലെയുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന ലഭിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യം പരിഗണിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് കേന്ദ്രനിലപാട്.

Content Highlights; covid vaccine distribution for the states