രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് തെരുവിൽ തടിച്ചുകൂടി ആരാധകര്‍

Scores of Rajinikanth fans gather in Chennai, demand his political entry

രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകർ തെരുവിലിറങ്ങി സമരം നടത്തുന്നു. ചെന്നൈ വള്ളുവര്‍കോട്ടത്തിലാണ് ഒരുവിഭാഗം ആരാധകരുടെ പ്രതിഷേധ സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു ലക്ഷത്തോളം ആളുകൾ സമരത്തിന്റെ ഭാഗമാകും. അനാരോഗ്യത്തെ തുടർന്നായിരുന്നു രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചത്.

സമരത്തിന് ചെന്നൈ സിറ്റി പോലീസ് അനുമതി നല്‍കി. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകരെ രജനി മക്കള്‍ മന്‍ട്രം നേതൃത്വം വിലക്കിയിട്ടുണ്ട്. അതേസമയം, മന്‍ട്രത്തിന്റെ ചില ജില്ലാനേതാക്കള്‍ സമരത്തെ പിന്തുണയ്ക്കുന്നുമുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാൻസ് അസോസിയേഷൻ അംഗങ്ങളും വള്ളുവർ കോട്ടത്തെത്തി. 

ഡിസംബര്‍ 31-ന് തീയതി പ്രഖ്യാപിച്ച് ജനുവരിയില്‍ പാര്‍ട്ടി ആരംഭിക്കുമെന്നായിരുന്നു രജനീകാന്ത് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ചിത്രീകരണ സംഘത്തിലുണ്ടായിരുന്ന ചിലര്‍ക്ക് കൊവിഡ് ബാധിക്കുകയും രക്തസമ്മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് രജനി ചികിത്സ തേടുകയും ചെയ്തതോടെ തീരുമാനം മാറ്റുകയായിരുന്നു. രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രജനികാന്ത്. 

content highlights: Scores of Rajinikanth fans gather in Chennai, demand his political entry