പുണെ: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം 16 ന് ആരംഭിക്കാനിരിക്കെ ആദ്യ ഘട്ട ലോഡുകള്‍ രാജ്യത്തെ 13 സ്ഥലങ്ങളിലേക്ക് അയച്ചു. മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായ പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനാണ് നിലവില്‍ വിതരണത്തിന് എത്തിക്കുന്നത്. വാക്സിന്റെ ആദ്യ 10 കോടി ഡോസുകള്‍ 200 രൂപയ്ക്ക് ഇന്ത്യയില്‍ നല്‍കുമെന്ന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവാല അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യയ്ക്ക് മാത്രം പ്രത്യേക തുക നല്‍കുന്നതെന്നും പൂനവാല പറഞ്ഞു.
നിരവധി രാജ്യങ്ങള്‍ വാക്സിന് വേണ്ടി സമീപിച്ചതായി പൂനവാല വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയ്ക്ക് മാത്രമാണ് പ്രത്യേക തുകയ്ക്ക് വാക്സിന് നല്‍കുകയെന്നും മറ്റുള്ളവര്‍ക്ക് 1000 രൂപയ്ക്കായിരിക്കും വില്‍പ്പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കന്‍ രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് വാക്സിന് നല്‍കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പൂനവാല പറഞ്ഞു. കൊവിഷീല്‍ഡ് വാക്സിനൊപ്പം ഓക്സ്ഫോഡിന്റെ കൊവാക്സിനും അടിയന്തിര വവിതരണ അനുമതി ലഭിച്ചിട്ടുണ്ട്.
അതേസമയം, അടിയന്തിര ഉപയോഗത്തിന് അനുമതി നല്കിയ വാക്സിനുകള്‍ ആദ്യഘട്ടത്തില്‍ ഇന്ത്യ കുറഞ്ഞ തോതില്‍ മാത്രമേ അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കൂവെന്നാണ് റിപ്പോര്‍ട്ട്. വാക്സിനുകളുടെ വിപണനത്തിന് അംഗീകാരം ലഭിച്ചശേഷമായിരിക്കും ഇവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണം അരംഭിക്കുക.
Content Highlight: Giving Covishield at Rs 200/dose for first 100 million doses only to India- Adar Poonawalla