‘ആര്‍എസ്എസ് ഒരു ഭീകര സംഘടന’, നിരോധിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍

ന്യൂയോര്‍ക്ക്: ആര്‍എസ്എസ് ഒരു ഭീകര സംഘടനയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍. അല്‍ ക്വയ്ദയും ഐസിസും പോലുള്ള ലോകത്തിലെ മറ്റു പല തീവ്രവാദ സംഘടനകളെയും നിരോധിച്ചിട്ടുള്ള കീഴ്വഴക്കം ഐക്യരാഷ്ട്ര സഭയ്ക്കുള്ളത് കൊണ്ട് തന്നെ ആര്‍എസ്എസിനെയും ഇതേ രീതിയില്‍ ഉടനടി നിരോധിക്കണമെന്ന് പാക് അംബാസിഡര്‍ മുനീര്‍ അക്രം ഐക്യരാഷ്ട്ര സഭയുടെ പതിനഞ്ചംഗ സുരക്ഷ സമിതിയോട് ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പോലുള്ള തീവ്രദേശീയതാവാദ സംഘടനകള്‍ അന്താരാഷ്ട്രതലത്തില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഒരു വെല്ലുവിളിയാണെന്ന് ചൂണ്ടികാട്ടിയായിരുന്നു പാകിസ്താന്റെ പരാമര്‍ശം. ആവശ്യം ഉന്നയിച്ചതോടൊപ്പം, ഇത്തരത്തിലുള്ള തീവ്രവാദ സംഘടനകളെ എങ്ങനെ തുടച്ചു നീക്കാം എന്നതു സംബന്ധിച്ച വിശദമായൊരു ആക്ഷന്‍ പ്ലാനും പാക് അംബാസഡര്‍ സെക്യൂരിറ്റി കൗണ്‍സിലിന് മുമ്പില്‍ ഹാജരാക്കി. ഐക്യ രാഷ്ട്ര സഭയുടെ 1267 സാന്‍ക്ഷന്‍സ് കമ്മിറ്റിയുടെ പരിധിക്കുള്ളില്‍ ആര്‍എസ്എസിനെയും കൊണ്ടുവരണം എന്നാണ് പാക് അംബാസിഡര്‍ സുരക്ഷ സമിതിയോട് ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ ഭരണപക്ഷമായ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രം ഇന്ത്യയിലെ മുസ്ലീമുകള്‍ക്ക് ഭീക്ഷണിയാണെന്നുള്ള ആശങ്കയും പാകിസ്താന്‍ പങ്കുവെച്ചു. ഇതിന് മുമ്പും പലവട്ടം പാകിസ്താന്‍ ബിജെപി നയങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Pakistan demanded for ban RSS in UNSC