രാജ്യത്ത് പോളിയോ തുള്ളിമരുന്ന് വിതരണ ദിനം ജനുവരി 31 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 16 ന് നടത്താനിരുന്ന പോളിയോ തുള്ളിമരുന്ന് വിതരണം 31 ലേക്ക് മാറ്റിയതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്ക് പിന്നാലെയാണ് നാഷല്‍ ഇമ്മ്യൂണൈസേഷന്‍ ദിനം മാറ്റി വെച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ജനുവരി 16 ന് രാജ്യ വ്യാപകമായി കൊവിഡ് വാക്‌സിന്‍ വിതരണം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.

വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമായി കഴിഞ്ഞതായി കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം തന്നെ ആദ്യഘട്ട വിതരണത്തിനുള്ള വാക്‌സിനുകള്‍ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിന്‍ വിതരണ പ്രക്രിയയാണ് ശനിയാഴ്ച്ച രാജ്യത്ത് നടക്കുന്നത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ വിതരണനത്തിനെത്തിച്ചിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അടിയന്തിര വിതരണ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ വിതരണത്തിന് അനുവദിക്കരുതെന്ന് വിവിധ കോണില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.

Content Highlights: Polio Vaccination day rescheduled