പ്രധാനമന്ത്രി നരേന്ദ്രമോദി വരാൻ വെെകിയാൽ ആലപ്പുഴ ബെെപ്പാസ് ഉദ്ഘാടനം സ്വന്തം നിലയിൽ ആലോചിക്കേണ്ടിവരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഉദ്ഘാടനം വെെകിപ്പിക്കാനും ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. താൻ സ്ഥാനം ഒഴിഞ്ഞ ശേഷം ഉദ്ഘാടനം നടത്താനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലെന്നും സുധാകരൻ ആരോപിച്ചു. പണികളെല്ലാം പൂർത്തിയാക്കിയ ആലപ്പുഴ ബെെപ്പാസ് പ്രധാന മന്ത്രിയുടെ സമയത്തിനായി കാത്തുനിൽക്കുകയാണ്. പദ്ധതി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം താൽപര്യം അറിയിച്ചിരുന്നു. എന്നാൽ രണ്ടു മാസമായി ഈക്കാര്യത്തിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഉദ്ഘാടന തീയതി സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്തും അയച്ചിരുന്നു. അതിനും മറുപടി ലഭിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബെെപ്പാസ് തുറക്കണമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആവശ്യമെന്നും എന്നാൽ ഈക്കാര്യത്തിൽ മനപൂർവ്വമായ വെെകിപ്പിക്കൽ ഉണ്ടെന്നുമാണ് മന്ത്രിയുടെ ആരോപണം. ഈക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ പറഞ്ഞു. നാലര പതിറ്റാണ്ടിന് ശേഷം ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമായത് നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് നേരത്തെ പറഞ്ഞിരുന്നു. ഈ വാദത്തെ മന്ത്രി ജി. സുധാകരൻ പരസ്യമായി വിമർശിക്കുകയും ചെയ്തു.
content highlights: Can’t wait for PM any longer says G. Sudhakaran on Alappuzha bypass inauguration