‘പുല്‍വാമയില്‍ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു’; വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ച്ചയില്‍ വിശദീകരണവുമായി അര്‍ണബ്

മുംബൈ: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ഇങ്ങനെ പ്രതീക്ഷിക്കുന്നതിനെ തെറ്റായി ചിത്രീകരിക്കുന്നത് അസംബന്ധമെന്നും അര്‍ണബ് വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നെന്ന സൂചന നല്‍കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു അര്‍ണബ് ഗോസ്വാമി.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്കുമെന്ന തരത്തില്‍ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും അര്‍ണബ് ഗോസ്വാമി പറഞ്ഞു. സ്വന്തം ചാനലിലൂടെയായിരുന്നു അര്‍ണബിന്റെ പ്രതികരണം. ടിആര്‍പി റേറ്റ് തട്ടിപ്പില്‍ അര്‍ണബ് പിടിയിലായതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അര്‍ണാബും ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ ചാറ്റ് പ്രശാന്ത് ഭൂഷനടക്കം പങ്കു വെച്ചിരുന്നു.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു. വിവരം അര്‍ണബിന് ലഭിച്ചിട്ടുണ്ടെങ്കില്‍ പാകിസ്താനും ലഭിച്ചിട്ടുണ്ടാകുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വിവരം അര്‍ണബിന് ചോര്‍ത്തിയവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ശിവസേനയും കോണ്‍ഗ്രസ് എം പി ശശി തരൂരും രംഗത്ത് വന്നിരുന്നു.

Content Highlight: Arnab Goswami with explanation on WhatsApp chat leakage