ഡ്രാഗൺ ഫ്രൂട്ടിന് പുതിയ പേര് നൽകി ഗുജറാത്ത് സർക്കാർ. ഈ പഴം താമരയുടെ രൂപത്തിന് സമമായതിനാൽ കമലമെന്നാണ് ഗുജറാത്തിലെ ഡ്രാഗൺ ഫ്രൂട്ടിന്റെ പേര്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി കമലം എന്ന് നൽകാൻ തീരുമാനിച്ചതായി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പേര് മാറ്റുന്നതുമായി ബന്ധപെട്ട് പാറ്റന്റിന് അപേക്ഷിച്ചതായും വിജയ് രൂപാണി പറഞ്ഞു. നിലവിലെ ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് യോജിച്ചതല്ലെന്നും അത് കൊണ്ടാണ് കമലം എന്ന് പേര് നൽകാൻ തീരുമാനിച്ചതെന്നും അദ്ധേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇനി മുതൽ കമലം എന്ന് മാത്രമാകും ഡ്രാഗൺ ഫ്രൂട്ടിനെ വിളിക്കുകയെന്നും രൂപാണി വ്യക്തമാക്കി. നിലവിൽ ഡ്രാഗൺ ഫ്രൂട്ട് എന്ന പേരിലാണ് ഈ പഴം അറിയപെടുന്നത്. അത് ഒരിക്കലും യോജിച്ചതല്ല. കമലം എന്ന പുതിയ സംസ്കൃതം പേര് താമരയുടെ രൂപമായതിനാൽ തന്നെ യോജിച്ചതാണെന്നും കമലം എന്ന് തീരുമാനിക്കുകയാണെന്നും രൂപാണി പറഞ്ഞു. എന്നാൽ നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണ് ഇതിനോടകം ഉയർന്നിട്ടുള്ളത്.ബി.ജെ.പിയുടെ ഔദ്യോഗിക ചിഹ്നമാണ് ‘കമലം’ എന്ന് വിളിക്കുന്ന താമര. ബി.ജെ.പിയുടെ ഗുജറാത്ത് സംസ്ഥാന ആസ്ഥാനത്തിന്‍റെ പേര് ‘ശ്രീ കമലം’ എന്നാണ്.
Content Highlights; Gujarat government renames dragon fruit as ‘kamalam’