ട്രാക്ടര്‍ റാലി സംഘര്‍ഷം: ദീപ് സിദ്ദുവിനെതിരെ കേസ്; ഗാസിപൂര്‍ ഒഴിയണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം

ഗാസിപൂര്‍: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുണ്ടാനേതാവില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ ലഖ സിദ്ധാനയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. സമാധാനപരമായി നീങ്ങേണ്ടിയിരുന്ന ട്രാക്ടര്‍ റാലിയെ സംഘര്‍ഷത്തിലേക്കെത്തിച്ചത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഗാസിപൂരില്‍ നിന്ന് ഒഴിയാന്‍ കര്‍ഷകര്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഗാസിപൂര്‍ ഒവിയണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയത്. ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്‍ഷക നേതാക്കള്‍ ആരോപിച്ചു. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, ചെങ്കോട്ടയില്‍ നടന്ന അക്രമത്തില്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെ 9 കര്‍ഷക നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, പൊലീസുകാര്‍ക്കെതിരായ അക്രമം തുടങ്ങിയ കുറ്റം ചുമത്തി ഇരുനൂറോളം പ്രതിഷേധക്കാരെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlight: Police take case against Deep Sidhu on Tractor rally Violence