ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍, മഹാത്മാഗാന്ധിയുടെ ചരമ വാര്‍ഷികം സദ്ഭാവന ദിനമായി ആചരിക്കുമെന്ന് റിപ്പോര്‍ട്ട്. ചരമവാര്‍ഷിക ദിനത്തില്‍ രാവിലെ ഒമ്പതി മുതല്‍ വൈകിട്ട് അഞ്ച് വരെ നിരാഹാരമനുഷ്ഠിക്കാനാണ് കര്‍ഷകരുടെ തീരുമാനം. അഹിംസയാണ് തങ്ങളുടെ സമര മാര്‍ഗ്ഗമെന്നും, കഴിഞ്ഞ ദിവസം വരെ സാമാധാനത്തില്‍ നീങ്ങിയ തങ്ങള്‍ തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അറിയിച്ചു.
സമാധാനപരമായ രീതിയാണ് കര്‍ഷകര്‍ സമരത്തിന് ഉപയോഗിക്കുന്നതെന്ന് സ്ഥാപിക്കാനാണ് കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് തിരിയുന്നത്. രാജ്യത്തെ ജനങ്ങളെ സമാധാന സമരത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നതായും ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സിംഘു, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ പൊലീസും ബിജെപിയും ആര്‍എസ്എസും കര്‍ഷക സമരത്തെ ഇല്ലാതാക്കാന്‍ ഗൂഡാലോചന നടത്തുന്നതിന്റെ തെളിവാണെന്നും കര്‍ഷക സംഘടന നേതാക്കള്‍ ചൂണ്ടികാട്ടി.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് മാറിയതിന് പിന്നാലെ സിംഘു, ഗാസിപൂര്‍ അതിര്‍ത്തിയിലും കര്‍ഷകര്‍ക്ക് നേരെ കൈയേറ്റമുണ്ടായിരുന്നു. ഇതെല്ലാം സമരത്തെ തെറ്റായി ചിത്രീകരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണെന്നാണ് കര്‍ഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍.
Content Highlights: Farmers to fast on January 30, invite people to join them in this peaceful protest