പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല; പൊതുസ്ഥലത്തെ പ്രതിഷേധങ്ങൾക്കെതിരെ സുപ്രീം കോടതി

പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ടെന്നും ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്നും സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ പൊടുന്നനേ ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തില്‍ പൊതുസ്ഥലങ്ങള്‍ തുടര്‍ച്ചയായി കയ്യടക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു.  പൊതുജന പ്രതിഷേധം നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ മാത്രമേ ഇത്തരം പ്രതിഷേധങ്ങൾ നടത്താവൂ എന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. ആക്ടിവിസ്റ്റുകളുടെ ഹർജി സുപ്രീം കോടതി തള്ളി. 2020 ഒക്ടോബറിലാണ് ഷഹീന്‍ബാഗ് സമരത്തിന് എതിരെ കോടതി വിധി പുറപ്പെടുവിച്ചത്.

content highlights: “Right To Protest Cannot Be Anytime, Everywhere”: Supreme Court