സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടന്നു. സമരക്കാർ മീൻ വിൽപ്പന നടത്തി പ്രതിഷേധിച്ചു. സമരത്തിൽ സർക്കാർ ഇടപെടാൻ വിമുഖത കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ വ്യത്യസ്തമായ സമര പരിപാടികളുമായി രംഗത്തെത്തിയത്. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കിയത്.
തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. ഉദ്യോഗാർത്ഥികൾ ഇന്ന് ഗവർണറെ കണ്ട് പരാതി നൽകുമെന്നാണ് സൂചന. പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണ നൽകി ശോഭാ സുരേന്ദ്രൻ നടത്തിയ 48 മണിക്കൂർ ഉപവാസം അവസാനിച്ചു.
കോൺഗ്രസ് എം.എൽ.എമാരായ ശബരീനാഥനും ഷാഫി പറമ്പിലും ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. അതേസമയം ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് പറഞ്ഞത്.
content highlights: PSC rank holders strike