ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

RSS worker murdered at Alappuzha, Harthal on Thursday

ചേർത്തല വയലാറില്‍ എസ്.ഡി.പി.ഐ.-ആര്‍.എസ്.എസ്. സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയില്‍. വയലാർ ത‌ട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരുക്കേറ്റു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തുവെന്നു സംശയിക്കുന്ന 6 എസ്.ഡി.പി.ഐ പ്രവർത്തകരാണ് പിടിയിലായത്. കണ്ടാൽ അറിയാവുന്ന 16 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.ഐ. നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടര്‍ച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി.

പോലീസ് കാവലിലായിരുന്ന പ്രകടനങ്ങള്‍. അതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. കെ.എസ്.നന്ദുവിന്റെ വലതുകൈയാണ് അറ്റുപോയത്. ഇരുവരെയും ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരിച്ചു.

സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി.യും ഹൈന്ദവസംഘടനകളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കൊല്ലപ്പെട്ട നന്ദുകൃഷ്ണയുടെ വീട് സന്ദര്‍ശിച്ചു.

content highlights: RSS worker murdered at Alappuzha, Harthal on Thursday