ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് വന്നത്. തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് പ്രദേശവാസികളെ സര്‍ക്കാര്‍ നേതൃത്വത്തില്‍ സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കുകയാണ്. ന്യൂസിലാന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി നെമ ദേശീയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാമെന്നും നെമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജപ്പാന്‍, റഷ്യ, മെക്‌സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളില്‍ ചെറിയ തിരമാലകള്‍ രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീരദേശ മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങണമെന്നും ഒരു കാരണവശാലും വീടുകളില്‍ തന്നെ തുടരരുതെന്നും നെമ പറഞ്ഞു. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
content highlights: Tsunami warnings as third strong earthquake strikes off New Zealand