45 വയസിന് മുകളിൽ പ്രായമായവർക്ക് നാളെ മുതൽ വാക്സിൻ സ്വീകരിക്കാം

45 വയസ്സിനുമേൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം വ്യാഴാഴ്ച മുതൽ തുടങ്ങും. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്തും വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന് സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദിവസം രണ്ടരലക്ഷം പേർക്ക് വീതം മരുന്നുനൽകാനുള്ള ക്രമീകരണങ്ങളാണുള്ളത്.

ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട്, പെൻഷൻ പാസ്ബുക്ക്, എൻ.പി.ആർ. സ്മാർട്ട്‌ കാർഡ്, വോട്ടർ ഐ.ഡി. എന്നിവയിലേതെങ്കിലും തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേർക്കുവരെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഞായറാഴ്ച വരെ സംസ്ഥാനത്ത് 28,05,857 പേർ ആദ്യഡോസ് മരുന്ന് സ്വീകരിച്ചുകഴിഞ്ഞു. അതിൽ 3,87,453 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

ജനിതക വ്യതിയാനം വന്നിട്ടുള്ള വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളില് പ്രായമുള്ള എല്ലാവരും വാക്‌സിന് സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

content highlights: covid vaccination