ഇന്ത്യയ്ക്ക് സഹായവുമായി ഗൂഗിളും; 135 കോടിയുടെ സഹായം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ഗൂഗിളിന്റെ സഹായം. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌. സംഭാവനയില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉള്‍പ്പെടുന്നു.

‘പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ക്കായി പണം നല്‍കി സഹായം നല്‍കും. യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും’ ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് പറഞ്ഞു.

ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിള്‍ ജീവനക്കാര്‍ സംഭവന ചെയ്തത്. മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും കോവിഡില്‍ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. യുഎസ്, സൗദി അറേബ്യ,യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.

Content Highlights: Google announces Rs 135 cr grant for Covid-hit India