പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിച്ചു എന്നറിയിച്ചതിനാല്‍ യുവാവിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ പിതാവായിരുന്നു പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പിന്നീട് പ്രതിയായ യുവാവ് മകളെ വിവാഹം ചെയ്തതിനാല്‍ കേസ് നടപടികൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നു പരാതിക്കാരനായ പിതാവ് ഹൈക്കോടതിയിൽ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്. യുവാവിനെതിരെയുള്ള പോക്സോ കേസും കുറ്റപത്രവും ജസ്റ്റിസ് കെ ഹരിപാൽ ആണ് റദ്ദാക്കിയത്. 2019 ഫെബ്രുവരി 20 നാണ് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരിൽ ഇരുപത്തിരണ്ടുകാരനായ ഹർജിക്കാരനെതിരെ തൃശൂരിലെ കൊടകര പൊലീസ് കേസ് എടുത്തത്.
എന്നാൽ 2020 നവംബർ 16 ന് ഇരുവരും വിവാഹിതരായി. അതിനിടെയാണ് കേസിൽ തൃശൂർ അഡീഷനൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയത്. തുടർന്ന് കേസ് നടപടികൾ റദ്ദാക്കാൻ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷമാണ് പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്തതെന്നും തങ്ങള്‍ കുടുംബ മായി താമസിക്കുകയാണെന്നും യുവാവ് കോടതിയെ അറിയിച്ചു. കോടതിക്ക് പുറത്തുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ കേസ് റദ്ദാക്കാന്‍ കാരണമാകില്ലെങ്കിലും ഇത്തരം കേസുകളിൽ പ്രായോഗികമായ നിലപാടു സ്വീകരിക്കണമെന്ന സുപ്രീം കോടതി നിർദേശം കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ പൊതു താൽപര്യം ഹനിക്കുന്നില്ലെന്നും ഇവരുടെ തുടര്‍ ജീവിതത്തിന് കേസ് റദ്ദാക്കലാണ് ഉചിതമെന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്
Content Highlights; Kerala High Court Quashes POCSO Charges Against Man After His Marriage To The Survivor