കൊവിഡ് വൈറസ് പടര്‍ത്തിയ ഭീതി ലോകത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ്. കൊവിഡിനും ഒമിക്രോണിനും അതിന്റെ ഉപവകഭേദങ്ങളും വാക്സിന് നിലവില്‍ വന്നിട്ടും ഭയാനകമായ അവസ്ഥയില്‍ അല്ലെങ്കിലും രോഗം പരത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വൈറസിന്റെ സാന്നിദ്ധ്യമാണ് ആശങ്ക പടര്‍ത്തുന്നത്. ഖോസ്ത 2 എന്ന വൈറസിന്റെ സാന്നിദ്ധ്യം റഷ്യയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
2020 അവസാനം ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നെങ്കിലും മനുഷ്യരെ ബാധിക്കില്ലെന്ന നിഗമനത്തിലായിരുന്നു ഗവേഷകര്‍. പിന്നീട് നടത്തിയ പഠനങ്ങളിലാണ് മനുഷ്യരെയും ഈ വൈറസ് ബാധിക്കുമെന്ന് കണ്ടെത്തിയത്. രണ്ടുതരത്തിലുള്ള വൈറസാണ് ഉള്ളത്. ഖോസ്ത 1 ഉം ഖോസ്ത 2 ഉം. ഇതില്‍ ഖോസ്ത 2 ആണ് മനുഷ്യരെ ബാധിക്കുന്നത്. വവ്വാലുകളിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇത് പതിയെ മനുഷ്യരിലേക്ക് പടരുകയും പകര്‍ച്ച വ്യാധിയായി മാറുകയുമാണ് ചെയ്യുന്നത്. കൊവിഡ് വൈറസിന് സമാനമായി നാരുകള്‍ പോലുള്ള സ്പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാമ് ഖോസ്ത മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത്.
എന്നാല്‍ രോഗം തീവ്രമാകാന്‍ സാദ്ധ്യതയില്ലെന്നാണ് സൂചനകള്‍. കൊവിഡ് വാക്സിനുകള്‍ ഈ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ വാക്സിന് വികസിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഖോസ്ത 2വിന്റെ രോഗലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. തീവ്രരോഗ വ്യാപനത്തിന് ഇടയാക്കില്ലെങ്കിലും ഈ വൈറസ് കോവീഡ് വൈറസ് ജീനുകളുമായ സംയോജിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത് വെല്ലുവിളിയാകാനും സാദ്ധ്യതയുണ്ട്.