12.6 കോടിയിലധികം ഉപയോക്താക്കളാണ് ട്വിറ്ററിന് ഉള്ളത്, എന്നാൽ ഇത്രയും ഉപയോക്താക്കളെ സമര്‍ത്ഥരാക്കാന്‍ സഹായിക്കുന്നില്ലെന്നും ബുദ്ധി വൈഭവത്തെ തന്നെ മുറിപ്പെടുത്തുന്നുവെന്നും കണ്ടെത്തി ഇറ്റാലിയന്‍ ഗവേഷകര്‍. ഹാഷ്ടാഗ്, റിട്വീറ്റ്, ലൈക്ക് എന്നിവയ്ക്കുവെണ്ടിയുള്ള ഉപയോക്താവിന്റെ ഉത്കണ്ഠത തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മിലനിലെ സേക്രട്ട് ഹാര്‍ട്ട് കാതോലിക് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പഠനത്തിലാണ് ബുദ്ധിപരമായ ഒരു വളര്‍ച്ചക്കും ട്വിറ്റര്‍ സഹായിക്കുന്നിലെന്ന് പറയുന്നത്. ട്വിറ്റര്‍ ഉപയോഗിക്കുന്ന വ്യക്തികളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നതായി പറയുന്നു.
ഇറ്റലിയിലെ എഴുപത് ഹൈ സ്‌കൂളുകളിലെ 1500 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. പകുതി കുട്ടികളെ ട്വിറ്റര്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ചക്ക് വിധേയമാക്കുകയും ബാക്കിയുള്ളവരെ ക്ലാസ് മുറിയില്‍ പരമ്പരാഗതമായ അദ്ധ്യാപനം നല്‍കുകയും ചെയ്തു. ഒരു പുസ്തകത്തെ ആസ്പദമാക്കി ഗ്രഹണശക്തി, ഓര്‍മ്മശക്തി, അറിവ് എന്നിവ രണ്ട് വിഭാഗം കുട്ടികളിലും പരിശോധിച്ചു. ട്വിറ്റര്‍ ഉപയോഗിച്ച കുട്ടികളില്‍ 25 മുതല്‍ 40 ശതമാനം പെര്‍ഫോമന്‍സ് കുറഞ്ഞതായി കാണപ്പെട്ടു. ഉപയോക്താക്കള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ഒന്നും ട്വിറ്റര്‍ അനുവധിക്കുന്നില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ തടസങ്ങളൊന്നുമില്ലാതെ ആളുകള്‍ക്ക് തങ്ങളുടെ അറിവുകള്‍ രേഖപ്പെടുത്താനും പങ്കുവയ്ക്കുവാനുമുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് ട്വിറ്റര്‍ എന്നാണ് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പറയുന്നത്.