ഇന്ത്യൻ സേനയിലെ മുസ്ലിം സൈനികർക്കെതിരായ വിദ്വേഷ പ്രചരണം നുണകളെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുൻ സൈനികരുടെ കത്ത്

Veterans write to president, seek inquiry on fake news about 'Muslim regiment' refusing to fight 1965 War

സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ സേനയിലെ മുസ്ലിം സൈനികർക്കെതിരെ ഉയരുന്ന വിദ്വേഷ പ്രചരണം വെറും മുണകളാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുൻ സൈനികർ കത്തയച്ചു. സർവീസിൽ നിന്നും വിരമിച്ച 120 സൈനികരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും കത്തയച്ചത്. ഇല്ലാത്ത മുസ്ലിം റെജിമെന്റിന്റെ പേരിൽ രാജ്യത്തെ മുസ്ലിം സൈനികർക്കെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ ആവശ്യപെട്ടിട്ടുണ്ട്.

2013 മേയ് മാസം മുതൽ ഫേസ്ബുക്കിലും ട്വിറ്ററിലും ഉണ്ടായിരുന്നതും പിന്നീട് അപ്രത്യക്ഷമായ വ്യാജ അക്കൗണ്ട് വീണ്ടും ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടയിൽ ആക്ടിവേറ്റ് ചെയ്തു കൊണ്ടാണ് വ്യാജ പ്രചാരണത്തിന് തുടക്കം കുറിച്ചത്. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ സൈന്യത്തിലെ മുസ്ലിം റെജിമെന്റ് പാക് സൈന്യത്തിനെതിരെ പോരാടാൻ വിസമ്മതിച്ചെന്നും തുടർന്ന് ഈ റെജിമെന്റ് പിരിച്ചു വിട്ടുമെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാൽ ഈ പ്രചരണം നുണയാണെന്നും ഇന്ത്യൻ സൈന്യത്തിൽ 1965 ലെ അതിനു ശേഷമോ ഒരു മുസ്ലിം റെജിമെന്റ് ഉണ്ടായിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

സൈന്യത്തിലെ മുസ്ലിംകൾ വിവിധ റെജിമെന്റിന്റെ ഭാഗമായാണ് രാജ്യത്തിന് വേണ്ടി ജോലി ചെയ്തതെന്നും ഇതിനായി നിരവധി സംഭവങ്ങളും കത്തിൽ ഉദാഹരണമായി എടുത്ത് പറയുന്നുണ്ട്. ഇത്തരം പ്രചരണങ്ങൾ സായുധ സേനയുടെ മനോവീര്യത്തെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും മുൻ സൈനികർ നൽകുന്നുണ്ട്. കള്ളം പ്രചരിപ്പിക്കുന്നവരെ കുറിച്ച് സാമൂഹിക മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.

Content Highlights; Veterans write to president, seek inquiry on fake news about ‘Muslim regiment’ refusing to fight 1965 War