ഇന്ന് ലോക പരിസ്ഥിതി ദിനം. വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രവാക്യം. ആഗോള പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത് ചൈനയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിക്കുന്നത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് ഒരോ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പിന് തന്നെ പ്രധാന ഭീഷണിയാണ് അന്തരീക്ഷ മലിനീകരണം. അതുകൊണ്ടാണ് വായുമലിനീകരണത്തെ തോല്‍പ്പിക്കുക എന്ന സന്ദേശവുമായി ഇത്തവണ പരിസ്ഥിതിദിനം ആചരിക്കുന്നത്. ഗാര്‍ഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള മലിനീകരണത്താല്‍ പത്തില്‍ 9 പേരും അശുദ്ധവായു ശ്വസിക്കുന്നു.
ചൈനയിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വായു മലിനീകരണത്തിന്റെ ഇരയാവുന്നത്. ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 15 നഗരങ്ങളില്‍ 14 നഗരങ്ങള്‍ ഇന്ത്യയിലാണ്. രാജ്യത്തെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും ഉണ്ടാകുന്നത് വാഹനങ്ങളില്‍ നിന്നുമാണ്. ദേശീയ വായു ശുദ്ധീകരണ പദ്ധതിയടക്കം സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ വായു മലിനീകരണത്തിന്റെ ചെറുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.