സ്വകാര്യ സര്‍വകലാശാലകളുടെ നിയന്ത്രണം; നിയമനിര്‍മാണത്തിനൊരുങ്ങി യുപി സര്‍ക്കാര്‍

സ്വകാര്യ സര്‍വകലാശാലകളെ നിയന്ത്രിക്കാൻ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്വകാര്യ സര്‍വകലാശാലാ കാമ്പസുകളെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാക്കില്ലെന്ന് സ്ഥാപനങ്ങളില്‍നിന്ന് ഉറപ്പുവാങ്ങുന്നതിനുള്ള പുതിയ ഓര്‍ഡിനന്‍സിനാണ് സംസ്ഥാനസര്‍ക്കാര്‍ രൂപംനല്‍കുന്നത്. ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

മതേതരത്വവും ജനാധിപത്യ ഘടനയും സംരക്ഷിക്കുകയും സാര്‍വലൗകികമായ സാഹോദര്യവും സഹിഷ്ണുതയും നിലനിര്‍ത്തുകയും ചെയ്യുമെന്നും സ്ഥാപനത്തില്‍ ഒരുവിധത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ ഉറപ്പുനല്‍കണമെന്നാണ് പുതിയതായി കൊണ്ടുവരുന്ന നിയമം അനുശാസിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ യൂണിവേഴ്‌സിറ്റികളും ഈ പൊതു നിയമത്തിന്റെ കീഴില്‍ വരും. നിയമലംഘനം ഉണ്ടായാല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ഇടപെടാനുള്ള അധികാരവും നിയമം നല്‍കുന്നുണ്ട്‌.

സ്വകാര്യ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് തടയിടുന്നതിനാണ് പുതിയ നിയമമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ, ഇത്തരം യൂണിവേഴ്‌സിറ്റികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നിയമം സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ദരിദ്രവിഭാഗങ്ങളില്‍നിന്നുള്ള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് അമ്പത് ശതമാനം ഫീസിളവ് നല്‍കണമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കൂടാതെ, സ്ഥാപനങ്ങളില്‍ 75 ശതമാനം അധ്യാപകരും സ്ഥിരം ജോലിക്കാരായിരിക്കണം. സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്കുമേല്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണം സാധ്യമാക്കുന്ന വിധത്തിലാണ് പുതിയ നിയമമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.