ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രാജിക്കത്ത് കൈമാറി

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച്‌ പി.കെ ശ്യാമള രാജിക്കത്ത് നല്‍കി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കാണ് രാജിക്കത്ത് കൈമാറിയത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പി.കെ ശ്യാമളയെ രാവിലെ വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജിയാണ് ഉചിതമെന്ന അഭിപ്രായം ഉയര്‍ന്നു.

താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ പി.കെ ശ്യാമള, രാജിവയ്ക്കണോ തുടരണോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും പ്രതികരിച്ചു. നിസ്സാര കാര്യത്തിന്റെ പേരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോയി ഒരു പ്രവാസിക്ക് ആത്മഹത്യക്ക് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന വലിയ പ്രതിഷേധമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്‌.

രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.കെ ശ്യാമളയോട് വിഷയത്തെ കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. അതിന് ശേഷം ജില്ലാ സെക്രട്ടറി എം.വി ജയരാജന് അവരോട് രാജി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള.