‘മൂന്ന് ദിവസം രാജ്കുമാര്‍ വെളളം പോലും കുടിച്ചില്ല, ജയില്‍ അധികൃതരും മർദിച്ചു’; സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

നെ​ടു​ങ്ക​ണ്ട​ത്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന് ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത് ക്രൂ​ര മ​ർദന​ങ്ങ​ളെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. രാ​ജ്കു​മാ​റി​ന്‍റെ സ​ഹ​ത​ട​വു​കാ​ര​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. രാജ്കുമാര്‍ മൂന്ന് ദിവസം വെളളം കുടിച്ചില്ലെന്നും നെഞ്ച് വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തി.

‘രാ​ജ്കു​മാ​റി​നെ ജ​യി​ലി​ലേ​ക്ക് എ​ത്തി​ച്ച​ത് സ്ട്രെച്ചറി​ലാ​ണ്. അ​പ്പോ​ൾ ത​ന്നെ തീ​ർ​ത്തും അ​വ​ശ നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​ച്ച​തി​നു ശേ​ഷം ജ​യി​ൽ ഉദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തെ മ​ർദി​ച്ചു. മൂ​ന്ന് ദി​വ​സം രാ​ജ്കു​മാ​ർ വെ​ള്ളം പോ​ലും കു​ടി​ച്ചി​ല്ല. നെ​ഞ്ചു​വേ​ദ​ന ഉ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടു പോ​ലും ചി​കി​ത്സ ന​ൽ​കി​യി​ല്ല. മ​രി​ച്ച​തി​നു ശേ​ഷം മാത്രമാ​ണ് രാ​ജ്കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യ​തെ​ന്നും സഹതടവുകാരന്‍ വെളിപ്പെടുത്തി.

സംഭവത്തിൽ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. രാജ്​കുമാറിന്​ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഒരു എസ്‌പി അടങ്ങുന്നതാണ് അന്വേഷണസംഘം. ആവശ്യമെങ്കിൽ പൊലീസിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരെ ഉൾപ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഡിജിപി അനുവാദം നൽകി.

ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ്കുമാറിന്റെ സ്ഥാപനമായ തൂക്കുപാലത്തെ ഹരിത ഫിനാൻസിയേഴ്‌സിലും, പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം നൽകാനാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ പ്രതിയുടെ വീട്ടിൽ എത്തി തൊടുപുഴ ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.