“മടങ്ങി പോകണം”; തിരുവനന്തപുരത്ത് അതിഥി തൊഴിലാളി പ്രതിഷേധം

തിരുവനന്തപുരം: നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. തിരുവനന്തപുരം ഒരുവാതില്‍ കോട്ടയിലാണ് പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. പോലീസ് സ്ഥലത്തെത്തി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും തയാറാവാത്തതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറി.

തിരുവനന്തപുരത്തെ മാളിന്റെ ജോലിക്കായി എത്തിയ 670 ഓളം തൊഴിലാളികളാണ് പ്രതിഷേധവുമായി എത്തിയത്. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. സംഘര്‍ഷത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിന് നേരെ കല്ലേറിഞ്ഞു. സംഭവത്തില്‍ പേട്ട സിഐയുടെ തലയ്ക്ക് പരിക്കേറ്റു.

മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെന്നും തങ്ങള്‍ക്കും മടങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ക്യാമ്പിലുള്ളവരില്‍ ചിലര്‍ പല അസുഖങ്ങളടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം. പ്രതിഷേധം ശക്തമായതോടെ തൊഴിലാളികളുമായി പോലീസ് ചര്‍ച്ച നടത്തി. മടങ്ങിപ്പോകുന്നതിന് നടപടി എടുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Content Highlight: Migrant workers strike at Thiruvananthapuram to go back to their home land

LEAVE A REPLY

Please enter your comment!
Please enter your name here