പരോള്‍ അപേക്ഷ പിന്‍വലിച്ച് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം

കൊലപാതക കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു. തന്റെ കൃഷി സ്ഥലത്തു കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് 42 ദിവസത്തെ പരോളായിരുന്നു ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജൂണ്‍ 18ന് ജില്ലാ ഭരണകൂടത്തിന് കത്തു നല്‍കുകയും ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഹരിയനയിലെ ജയില്‍ അധികൃതര്‍ തന്നെയാണ് പരോള്‍ അപേക്ഷ പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. പരോളിന് അപേക്ഷ നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് അപേക്ഷ പിന്‍വലിച്ചത്. എന്നാല്‍ അപേക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഗുര്‍മീത് ജയിലില്‍ പെരുമാറുന്നത് മതിപ്പുള്ള രീതിയില്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന് പരോളിന് അവകാശമുണ്ടെന്നുമായിരുന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞത്.

ഗുര്‍മീതിന് പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബി.ജെ.പി മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ആരോഗ്യ മന്ത്രി അനില്‍ വിജ്, ജയില്‍ മന്ത്രി കെ.എല്‍ പന്‍വാര്‍ തുടങ്ങിയവരായിരുന്നു ഗുര്‍മീതിനെ പിന്തുണച്ചു രംഗത്തെത്തിയത്. ഗുര്‍മീത് നല്‍കിയ പരോള്‍ അപേക്ഷയെ അനുകൂലിക്കുന്ന നിലപാടായിരുന്നു മുഖ്യന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും എടുത്തിരുന്നത്.