വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉൾകൊള്ളുന്ന കത്ത്; പാഴ്സൽ എത്താതെ തടഞ്ഞതായി അധികൃതർ

Letter containing deadly poison ricin addressed to Donald Trump at White House; investigation underway

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. ‘റസിന്‍’ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഈ പാഴ്‌സലില്‍ ഉണ്ടായിരുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്‌സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ തിരിച്ചറിഞ്ഞതിനാല്‍ വൈറ്റ് ഹൗസിലേയ്ക്ക് പാഴ്‌സല്‍ എത്താതെ തടയാന്‍ സാധിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും അന്വേഷണം നടത്തി വരികയാണ്. എന്നാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. ജൈവായുധമായി ഉപയോഗിക്കാനാകുന്ന അതിമാരക വിഷമാണ് റസിന്‍. ശരീരത്തിന് ഉള്ളിലെത്തുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ മരണത്തിനു വരെ കാരണമാകും. കടുകുമണിയോളം മതികയാകും ഒരാളെ കൊല്ലാന്‍. വിഷബാധയേറ്റ് 36-72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും.

ഇതിനു മുൻപും വൈറ്റ് ഹൌസിലേക്ക് മാരക വിഷം ഉൾക്കൊള്ളുന്ന പാഴ്സലുകൾ അയച്ചിട്ടുണ്ട്. പ്രസിഡന്റ് ബരാക് ഒബാമയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കും മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതിന് 2014ൽ മിസ്സിസിപ്പിയിലെ ഒരു വ്യക്തിക്ക് 25 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.

Content Highlights; Letter containing deadly poison ricin addressed to Donald Trump at White House; investigation underway