മരണപ്പെട്ട രാജ്കുമാറിനെ പൊലീസ് മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചതായ് റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. ജൂണ്‍ 12-ന് വൈകിട്ട് അഞ്ചുമുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് അതിക്രൂരമായി മര്‍ദിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നു ക്രെംബ്രാഞ്ച് പറയുന്നു.
കേസിലെ പ്രതികളായ പൊലീസുകാര്‍ സ്റ്റേഷന് രേഖകളിലടക്കം കൃത്രിമം കാണിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സ്റ്റേഷന് രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ നാലു പ്രതികളാണുള്ളത്. ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണു നടന്നിട്ടുള്ളത്. നെടുങ്കണ്ടം എസ്ഐ കെ.എ. സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടു പ്രതികള്‍ കൂടിയുണ്ട്. ഇവരും പൊലീസുകാരാണ്. കൊലക്കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് 12-ന് കസ്റ്റഡിയിലെടുത്ത കോലാഹലമേട് സ്വദേശിയും തൂക്കുപാലം ഹരിത ഫിനാന്‍സ് നടത്തിപ്പുകാരനുമായ രാജ്കുമാറിനെ നാലുദിവസം പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി ഇരുവരും ക്രൈംബ്രാഞ്ചിനോടു കുറ്റസമ്മതം നടത്തി. പണം കണ്ടെത്തുന്നതിനായാണ് രാജ്കുമാറിനെ മര്‍ദിച്ചതെന്നാണ് പൊലീസുദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിനോടു പറഞ്ഞത്.