ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ പരിഗണിക്കണമെന്ന് ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാവും കോടതി വിധി പറയുന്നത്.
കഴിഞ്ഞ 12ന് 10 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്നും ചൊവ്വാഴ്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് കുമാരസ്വാമി സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
കേസില്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ വാദവും സുപ്രീംകോടതി കേട്ടിരുന്നു. എംഎല്‍എമാരുടെ രാജിക്കത്തില്‍ ഒരു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന കോടതി നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയിരുന്നു. ഭരണഘടനയുടെ 190-ാം അനുച്ഛേദ പ്രകാരം രാജിക്കത്തുകളില്‍ വിശദമായ പരിശോധന നടത്തി തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നാണ് സ്പീക്കറുടെ വിശദീകരണം.
നിശ്ചിത സമയത്തിനകം തീരുമാനമെടുക്കണമെന്ന ഉത്തരവിടാന്‍ കോടതിക്ക് അധികാരമില്ലെന്നും സ്പീക്കറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടെയാണ് കേസിലെ ഭരണഘടനാപരമായ അധികാരങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
എന്നാല്‍ വ്യാഴാഴ്ച കര്‍ണാടക കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച വിശ്വാസവോട്ട് നടത്താനുള്ള തീരുമാനത്തെ ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ എതിര്‍ത്തു. ഇന്നലെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ ആവശ്യം. അതിനിടെ മുംബൈയില്‍ തങ്ങുന്ന വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് തങ്ങള്‍ക്ക് ഭീഷണിയുള്ളതായി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.