വിവാഹ ദിവസത്തെ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി; ട്വിറ്ററിലെ സാരി ട്രെന്‍ഡ് വൈറല്‍

ന്യൂഡല്‍ഹി: ട്വിറ്ററില്‍ പുതുതായി തുടങ്ങിവച്ച സാരി ട്രെന്‍ഡില്‍ പങ്കാളിയായി പ്രിയങ്കാ ഗാന്ധിയും. വിവാഹ ദിവസം രാവിലെ എടുത്ത സാരിയിലുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. #SareeTwitter എന്ന ഹാഷ്ടാഗില്‍ സ്ത്രീകള്‍ സാരിയുടുത്ത് നില്‍കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ട്ര്വിറ്ററില്‍ ട്രെന്‍ഡായി മാറിയ ഹാഷ്ടാഗില്‍ സിനിമ താരങ്ങള്‍ ഉള്‍പ്പടെ തങ്ങളുടെ സാരിയുടുത്ത ചിത്രം പങ്കുവച്ചു.

റോബര്‍ട്ട് വദ്രയുമായുള്ള വിവാഹത്തിന്റെ അന്ന് രാവിലെ പ്രഭാത പ്രാര്‍ത്ഥനക്കായി ചുവപ്പില്‍ പിങ്ക് ബോര്‍ഡറുള്ള സാരിയുടുത്ത് എടുത്ത ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സാരിയാണിതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. രാഷ്ടീയക്കാരും പ്രസിദ്ധരായ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പടെ ഒരുപാട് പേരാണ് ട്വിറ്ററിലെ സാരി ട്രെന്‍ഡില്‍ പങ്കെടുത്തത്. 5000 വര്‍ഷങ്ങളായി ഇന്ത്യയിലെ സ്ത്രീകള്‍ സാരി ഉപയോഗിക്കുന്നു. ഏത് കാലവസ്ഥയിലും അനുയോജ്യമായതുകൊണ്ടാണ് സാരി എന്നും ആളുകളുടെ പ്രിയപ്പെട്ട വസ്ത്രമായി നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെയാണ് സാരി ട്രെന്‍ഡ് ട്വിറ്ററില്‍ വൈറല്‍ ആയതെന്ന് ഉപയോക്താക്കള്‍ പറയുന്നു.