ന്യൂഡല്‍ഹി: പൊതുമേഖലാ ആയുധ നിര്‍മാണശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ സമരത്തിലേക്ക്. രാജ്യത്തെ പ്രതിരോധ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. ആദ്യഘട്ടമെന്നോണം ഒരു മാസ നീണ്ടു നില്‍ക്കുന്ന സമര പരിപാടിക്കാണ് ലക്ഷ്യമിടുന്നത്.
നാല്‍പ്പത്തി ഒന്ന് ആയുധ നിര്‍മാണശാലയിലെ 80,000ന് മുകളില്‍ വരുന്ന തൊഴിലാളികളാണ് പണിമുടക്കിന് ഇറങ്ങുന്നത്. ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, ഭാരതീയ പ്രതിരക്ഷാ മസ്ദൂര്‍ സംഘ്, ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളില്‍ അംഗങ്ങളാണ് ഇവര്‍.
പ്രതിരോധ മേഖലയില്‍ സ്വകാര്യവത്കരണ നടപടികള്‍ സ്വീകരിക്കാനുള്ള കേന്ദ്രനയം രാജ്യരക്ഷയ്ക്ക് അപകടമാണ് എന്നാണ് തൊഴില്‍ സംഘടനകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാരിന്റെ പരീക്ഷണസംവിധാനങ്ങള്‍ നല്‍കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്തുനല്‍കുമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിശദീകരണം.