ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്

3.11 കോടി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു

 

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 3.11 കോടി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായെന്നാണ് വിവരം. രാവിലെ പത്തോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. നേരത്തെ, 41 ലക്ഷത്തോളം പേര്‍ അന്തിമ രജിസ്റ്ററില്‍ ഉണ്ടാകില്ലെന്നായിരുന്നു വിവരം.

പട്ടികയ്ക്ക് പുറത്തായവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാം. ഇവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ഇപ്പോള്‍ അസമില്‍ താമസിക്കുന്നവരില്‍ എത്രപേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ട് എന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. നിലവില്‍ 100 ട്രൈബ്ര്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ അസമില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

14 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30- ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.