പാലയിലെ സ്ഥാനാര്‍ത്ഥിയെ ആറു മണിക്ക് പ്രഖ്യപിക്കുമെന്ന് ജോസ് കെ മാണി

 

കോട്ടയം: പാലായിലെ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകുന്നേരം ആറു മണിക്ക് പ്രഖ്യാപിക്കുമെന്ന്് ജോസ് കെ മാണി. യുഡിഎഫ് സംസ്ഥാന നേതൃത്വമാണ് പ്രഖ്യാപനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ഉപസമിതി വൈകുന്നേരം അഞ്ചുമണിക്ക് സ്ഥാനാര്‍ത്ഥിയുടെ പേര് യുഡിഎഫിന് കൈമാറുമെന്നാണ് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.

പാലാ സീറ്റും ചിഹ്നവും കിട്ടിയേ തീരൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. ചിഹ്നം വിട്ടുതരാന്‍ പി ജെ ജോസഫ് തയ്യാറായില്ലെങ്കില്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ മടിയില്ലെന്ന് ജോസ് കെ മാണി അന്ത്യശാസനം നല്‍കിയിരുന്നു, ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ഇന്ന് വൈകിട്ട് കോട്ടയത്ത് യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. നിഷാ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും താല്പര്യമെന്നാണ് ജോസ് കെ മാണി പറയുന്നത്.

എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനമെന്നാണ് പി ജെ ജോസഫിന്റെ അഭിപ്രായം. നിഷ മത്സരിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന,് സാധ്യത കുറവാണെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകില്ല. ആരെങ്കിലും ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ അംഗീകരിക്കില്ലെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ്, ഇന്നു തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.
സമവായമുണ്ടാക്കാന്‍ യുഡിഎഫ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.