പാമ്പു കടിയേറ്റ വിദ്യാർത്ഥിനി വ്യാജ ചികിത്സയിൽ മരണപ്പെട്ടു; മാതാപിതാക്കൾക്കെതിരെ നിയമ നടപടികൾ വേണമെന്ന് ഐഎംഎ

മാതാപിതാക്കൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്ന നിയമനിർമാണം ആവശ്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളാ സെക്രട്ടറി, ഡോ. സുൽഫി എൻ ഫാക്ട് ഇൻക്വസ്റ്റിനോട് പറഞ്ഞു
മാതാപിതാക്കൾക്ക് എതിരെ ഐഎംഎ

തിരുവനന്തപുരം:  പാമ്പ് കടിയേറ്റ പ്ലസ്ടു വിദ്യാർത്ഥിനി വിഷ വൈദ്യൻ്റെ ചികിത്സയ്ക്ക് വിധേയമായി മരണപ്പെട്ട സാഹചര്യത്തിൽ മാതാപിതാക്കൾക്ക് എതിരെ ഐഎംഎ. മാതാപിതാക്കൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്ന നിയമനിർമാണം ആവശ്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളാ സെക്രട്ടറി ഡോ. സുൽഫി എൻ  ഫാക്ട് ഇൻക്വസ്റ്റിനോട് പറഞ്ഞു. 

കാഞ്ഞിരങ്ങാട് വീട്ടിൽ അനിലിൻറേയും മെറ്റിൽഡയുടെയും മകൾ അനിഷ്മയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മുറിയിൽ ഉറങ്ങിക്കിടക്കവേ ജനാലയിലൂടെ എത്തിയ പാമ്പ്കടിയേറ്റ അനിഷ്മയെ മാതാപിതാക്കൾ അടുത്തുള്ള വിഷവൈദ്യന്റെ അടുത്ത് എത്തിച്ച് ചികിത്സ നൽകി. വൈദ്യൻ പച്ചമരുന്ന് നൽകിയ ശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിൽ എത്തിയ അനിഷ്മയുടെ വായിൽ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ അനിഷ്മ മരണപ്പെടുകയായിരുന്നു.

പാമ്പ് കടിയേറ്റശേഷം അതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങാൻ മിനിറ്റുകളോ മണിക്കൂറുകളോ എടുക്കാം. ഈ സമയത്തിനുള്ളിൽ അടിയന്തര ചികിത്സ നൽകുകയെന്നതാണ് ജീവൻ രക്ഷിക്കുന്നതിനുള്ള ഏക മാർഗം. നിലവിൽ ആന്റി സ്നേക്ക് വെനമാണ് ഇതിനുള്ള പ്രഥമ ചികിത്സ. അതിനായി അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുകയാണ് ചെയ്യേണ്ടത്. ഒരിക്കലും നാട്ടു ചികിത്സയക്ക് വിധേയമാക്കരുത്.

ഇത്തരത്തിൽ അശാസ്ത്രീയ ചികിത്സകളാൽ മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കുട്ടികളെ ഇതുപോലുള്ള വ്യാജ വൈദ്യൻമാരുടെ പക്കൽ എത്തിക്കുന്ന മാതാപിതാക്കളാണ് തെറ്റുകാരായി മാറുന്നത്.  അത്തരക്കാരെ നിയമ നടപടികൾക്ക് വിധേയരാക്കുക തന്നെ വേണമെന്ന് ഐഎംഎ പറയുന്നു.

ഇത്തരത്തിൽ ഓസ്‌ട്രേലിയയില്‍ കുട്ടിയെ വ്യാജ ചികിത്സക്ക് വിധേയമാക്കിയ മാതാപിതാക്കള്‍ക്ക് 25 വര്‍ഷത്തെ  ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയിലും സമാന നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

സമാന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളിലൂടെ വ്യാജ ചികിത്സ നടത്തി ആളുകളുടെ ജീവൻ അപായപ്പെടുത്തുന്ന മാേഹനൻ നായർക്കെതിരെ അഡ്വ. ശ്രീജിത്ത് പെരുമന അടുത്തിടെ പരാതി നൽകിയിരുന്നു.