പിഎസ്സി പരീക്ഷയില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കണം; റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍

ഇ എസ് ബിജിമോള്‍ അധ്യക്ഷയായ നിയമസഭാ സമിതി
പിഎസ്സി പരീക്ഷയില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കണം; റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍

പിഎസ്സി പരീക്ഷയില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍. ശ്രേഷ്ഠ ഭാഷ പട്ടികയില്‍ ഇടം പിടിച്ച മലയാളം ഔദ്യോഗികഭാഷ എന്ന നിലയില്‍ എവിടെ നില്‍ക്കുന്നു എന്ന് പരിശോധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതുവെരയും നടപടികള്‍ ആയിട്ടില്ല. ഇ എസ് ബിജിമോള്‍ അധ്യക്ഷയായ നിയമസഭാ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

രണ്ട് വര്‍ഷമായിട്ടും റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസം, റവന്യൂ, ആഭ്യന്തരം, നിയമം എന്നീ വകുപ്പുകളില്‍ നിന്ന് വിവരശേഖരം നടത്തിയ സമിതി തിരുവനന്തപുരം, എറണാകുളം കളക്ടറേറ്റുകളിലും കണ്ണൂര്‍ സര്‍വകലാശാലയിലും സിറ്റിംഗ് നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പിഎസ്‌സിയ്ക്ക് പുറമെ, മലയാളം ഭരണഭാഷയാക്കുന്നതു സംബന്ധിച്ച സുപ്രധാന നിര്‍ദ്ദേശങ്ങളും സമിതി റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്.