തൊഴിലില്ലായ്മക്ക് കാരണം സാങ്കേതിക വിദ്യയുടെ വളര്‍ച്ച; കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
തൊഴിലില്ലായ്മക്ക് കാരണം സാങ്കേതിക വിദ്യയുടെ വളര്‍ച്ച; കേന്ദ്രമന്ത്രി

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. നേരത്തെ, ഉത്തരേന്ത്യയിലെ യുവാക്കള്‍ക്ക് ജോലി കിട്ടാത്തത് യോഗ്യത ഇല്ലാത്തതിനാലാണെന്ന കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാറിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഈ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ബിഎസ് പി നേതാവ് മായാവതിയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിലില്ലായ്മയ്ക്ക് പുതിയ കാരണങ്ങള്‍ കണ്ടെത്തി കേന്ദ്രമന്ത്രിയും രംഗത്തെത്തുന്നത്. ആധുനിക സാങ്കേതിക വിദ്യ വളര്‍ന്നതാണ് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണമെന്നാണ് രാംദാസ് അത്താവലെയുടെ കണ്ടെത്തല്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാണ് നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ആയിരം പേര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ ഇപ്പോള്‍ 200 പേര്‍ മാത്രമാണുള്ളതെന്നും നേരത്തെ പത്ത് പേര്‍ ചേര്‍ന്നായിരുന്നു ഒരു യന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്, എന്നാലിപ്പോള്‍ ഒരാള്‍ രണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ധേഹം വ്യക്തമാക്കി. അതിനാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ചുമതലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു