മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെ എസ് ഐയുടെ പേരിലേക്ക് ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്നേഹ സമ്മാനമയച്ചിരിക്കുകയാണ് അങ്കമാലിയിലെ ഒരു കച്ചവടക്കാരൻ. പുറമെ പ്രത്യേക മേൽവിലാസമൊന്നും ഇല്ലാതെത്തിയ പാർസൽ ചെറിയൊരു അമ്പരപ്പോടെയായിരുന്നു തുറന്നു നോക്കുന്നത്.
എന്നാൽ മധുരപലഹാരങ്ങൾ നിറച്ചൊരു സ്നേഹ സമ്മാനമായിരുന്നു അത്. അങ്കമാലിയിലെ ജീവന്‍ ബേക്കറി ഉടമയാണ് ഉദ്യോഗസ്ഥര്‍ക്ക് ഓണസമ്മാനമായി ശര്‍ക്കരവരട്ടിയും ചിപ്‌സും നിറച്ച പൊതി അയക്കുന്നത്. പാതിരാത്രിയില്‍ വഴിയരികില്‍ വീണ കുരുന്നിനെ രക്ഷിച്ച പൊലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള അഭിന്ദന സമ്മാനമായിരുന്നു അത്.
യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്നും റോഡില്‍ വീണ ഒന്നര വയസുകാരിയെ ഫോറസ്റ്റ് വാച്ചര്‍മാരാണ് രക്ഷപ്പെടുത്തി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് പൊലീസിന്റെ സാനിധ്യത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. രാജമല ഒമ്പതാം മൈലിൽ സെപ്റ്റംബർ എട്ടിനായിരുന്നു സംഭവം. പേരിനും ഫോണ്‍ നമ്പറിനും ഒപ്പം പൊന്നോണനാളില്‍ പൊന്നിന്റെ ജീവന്‍ രക്ഷിച്ച ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊന്നോണ ആശംസകളെന്ന കുറിപ്പുമായിരുന്നു പൊതിക്കുള്ളിലുണ്ടായിരുന്നത്.
Content Highlights: A loving gift for Munnar Forest-Police Officers