അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ കോടതി വിധി. മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ 5 ഏക്കർ സ്ഥലം അയോധ്യയിൽ തന്നെ നൽകണമെന്നും കോടതി വിധിച്ചു. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം കോടതി വിധി. പകരം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മിക്കണം. മൂന്നു മാസത്തിനകം കേന്ദ്രം പദ്ധതി തയ്യാറാക്കണമെന്നും അതിന് ശേഷം ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിത്യം നൽകും. കൂടാതെ തർക്ക ഭൂമിക്ക് പുറത്ത് കേന്ദ്രസർക്കാർ മുസ്ലിംങ്ങൾക്ക് ഭൂമി ഏറ്റെടുത്തു നൽകണമെന്നും വിധിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
അതേസമയം തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭൂമിയുടെ അവകാശത്തില്‍ ഹിന്ദു കക്ഷികളുടെ വാദത്തിന് കൂടുതല്‍ കരുത്തുണ്ടെന്നും വിധിയില്‍ പറയുന്നു. സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല നിയമം അനുസരിച്ചാണെന്നും കോടതി എടുത്തു പറയുന്നു.