കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ ഗ്രാൻഡ് പ്രയറിയിലാണ് മൈനസ് 30 ഡിഗ്രിയോടടുത്ത് തണുപ്പ് അനുഭവപ്പെട്ടത്. കാൽഗറി, അഡ്മിൻ്റൻ, തോംപ്സൺ, ചർച്ചിൽ പ്രദേശങ്ങളിൽ ഇത് മൈനസ് 20 മുതൽ 23 വരെ ഡിഗ്രിയായിരുന്നു. വാരാന്ത്യത്തിലെ മഞ്ഞുവീഴ്ചയും ശീതക്കാറ്റും കനത്ത മഴയുമെല്ലാം കൂടിയാണ് കാനഡയെ ഭൂമുഖത്തെ ഏറ്റവും തണുപ്പേറിയ പ്രദേശമാക്കി മാറ്റിയത്. നവംബറിൽ ഇത്തരത്തിൽ തണുപ്പ് അപൂർവമാണെന്നു കാലാവസ്ഥാ റെക്കോർഡുകൾ സൂചിപ്പിക്കുന്നു. അറുപത് വർഷം മുൻപാണ് ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയത്, മൈനസ് 16 മുതൽ 17 വരെ.
അൻ്റാർട്ടിക്കയെയും ഉത്തരധ്രുവത്തെയും മറികടന്നാണ് കാനഡ തണുത്തു മുന്നേറുന്നത്. പതിനഞ്ച് തണുപ്പേറിയ പ്രദേശങ്ങളിൽ പതിനൊന്നും ഇപ്പോൾ കാനഡയിലാണ്. കെബെക്ക് പ്രവിശ്യയിൽ ഇനിയും മഞ്ഞുവീഴ്ച തുടരുമെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ മുപ്പത് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മൈനസ് 10 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശീതക്കാറ്റുകൂടിയാകുന്നതോടെ മൈനസ് 15 ഡിഗ്രിയിലേക്കു താഴും. വാരാന്ത്യത്തോടെ തണുത്തു തുടങ്ങിയ അന്തരീക്ഷം തിങ്കളാഴ്ചയോടെയാണ് തണുത്തുറഞ്ഞത്. മഞ്ഞുവീഴ്ച കൂടിയായാൽ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാകും.
സെപ്റ്റംബറിൽ ആദ്യ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യംവഹിച്ച പ്രദേശമാണ് ആൽബർട്ട. നവംബർ 11ന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയ ദിനമായിരുന്നു ഇന്നലെ ടൊറൻോയിൽ (14 സെ.മീ). ഓട്ടവയിലും കനത്ത മഞ്ഞുവീഴ്ചയായിരുന്നു. തിങ്കളാഴ്ച രാവിലെ തുടങ്ങി ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ട മഞ്ഞുവീഴ്ച ഒൻ്റാരിയോ പ്രവിശ്യയിൽതന്നെ പതിനഞ്ച് സെൻ്റീമീറ്റർ വരെയായിരുന്നു. പലയിടത്തും സ്കൂൾ ബസുകൾ വൈകി. ജോലിക്കാരും വിദ്യാർത്ഥികളും ഓഫീസിലും സ്കൂളുകളിലുമെത്താൻ ഏറെ പണിപ്പെട്ടു. വിൻഡ്സർ മേഖലയിൽ നാൽപത്തിമൂന്ന് വർഷം മുൻപ് അനുഭവപ്പെട്ട മൈനസ് അഞ്ച് ഡിഗ്രിയായിരുന്നു ഇതുവരെയുള്ള ഈ ദിവസത്തെ റെക്കോർഡ്.
തണുപ്പും മഞ്ഞും കൂടിയ ദിവസങ്ങളിൽ ആൾക്കാർ പുറത്തിറങ്ങാൻ മടിക്കുന്നതിനാൽ സാധാരണയായി കച്ചവടത്തെ ബാധിക്കാറുണ്ട്. പലപ്പോഴും ഈ മാന്ദ്യത്തെ ഒരു പരസ്യവുമില്ലാതെ മഞ്ഞുകാലത്ത്, തണുത്തുറഞ്ഞ മഞ്ഞുകട്ടകൾ ഉരുക്കികളയാനുള്ള ഉപ്പും കമ്പിളി വസ്ത്രങ്ങളും മറ്റും വിറ്റുപോകുന്നത്തിലൂടെയാണ്. മഞ്ഞുവീഴ്ച പ്രവചനം എത്തിയതോടെ വാരാന്ത്യത്തിൽ വിൻ്റർ ടയർ മാറ്റുന്നതിന്റെ തിരക്കിലായിരുന്നു വാഹന ഉടമകൾ. മിക്ക സ്ഥലത്തും വാഹനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെട്ടത്.
ഇരുപത് സെൻ്റീമീറ്റർ വരെ മഞ്ഞുവീണേക്കാമെന്ന കാലാവസ്ഥാ പ്രവചനം ഒൻ്റാരിയോയിൽ സാർണിയ, ലണ്ടൻ മേഖലയിലുണ്ട്. ന്യു ബ്രൺസ്വിക് മേഖലയിലും മഞ്ഞുവീഴ്ചയും കനത്ത മഴയും തുടരുമെന്നാണ് പ്രവചനം. നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ദക്ഷിണ ന്യുഫിൻലൻഡ് മേഖലയിൽ മഴ തുടരും. ഇവിടങ്ങളിൽ കനത്ത കാറ്റിനു൦ സാധ്യതയുണ്ട്. ഗതാഗതം ഏറെ ദുഷ്കരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം നാനൂറിലേറെ വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ ബുധൻ രാത്രിയും വ്യാഴം രാവിലെയും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
ഔദ്യോഗികമായി ഡിസംബറിൽ തുടങ്ങേണ്ട ശീതകാലം പതിവു തെറ്റിച്ചതിനാൽ ഇനിയങ്ങോട്ടുള്ള സ്ഥിതിയെ ഓർത്ത് ആശങ്കയിലാണ് കാനഡക്കാർ.
Highlight; Canada the coldest places on earth nowadays.