സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇന്ന് വിരമിക്കും

Ranjan Gogoi

ചരിത്ര വിധികള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇന്ന് സുപ്രീം കോടതിയുടെ പടിയിറങ്ങും. പുതിയ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ നാളെ ചുമതലയേല്‍ക്കും. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയാണ് എസ് എ ബോബ്ഡെ. സുപ്രീം കോടതിയില്‍ ജനാതിപത്യം അപകടത്തിലാണെന്ന ചരിത്രത്തില്‍ ഇടം പിടിച്ച വാര്‍ത്താ സമ്മേളനം നടത്തി വിളിച്ചു പറഞ്ഞ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ പ്രധാനിയാണ് ഗോഗോയ്. അയോധ്യ വിധിയുടെ പേരിലുള്ള പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത് റിട്ടയര്‍മെന്റിന് ശേഷവും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരുന്നതായിരിക്കും.

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചരിത്ര വിധിക്കുമൊടുവിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍, സിബിഐ തലപ്പത്തെ തര്‍ക്കം തുടങ്ങിയ ഗൗരമായ കേസുകളില്‍ രഞ്ജന്‍ ഗൊഗോയിയുടെ നിലപാടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. സുപ്രിം കോടതി കൊളീജിയത്തിന്റെ പല ജുഡീഷ്യല്‍ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും വിവാദമായിരുന്നു. അയോധ്യാ കേസില്‍ മാരത്തണ്‍ വാദം നടത്തി 134 വര്‍ഷത്തെ നിയമയുദ്ധത്തില്‍ അന്തിമതീര്‍പ്പ് കല്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു. ഒടുവില്‍ ശബരിമല കേസിലും വിധി പറഞ്ഞതിന് ശേഷമാണ് രഞ്ജന്‍ ഗൊഗൊയ് പദവി ഒഴിയുന്നത്.

Content Highlights; Chief Justice Ranjan Gogoi retired from supreme court chief justice