ഫീസ് വർധനക്കെതിരായ സമരം ശക്തമാക്കിയ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകൾ ഇന്ന് ക്യാമ്പസിൽ പ്രതിഷേധം നടത്തും.
വി സി യുടെ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർത്ഥി യൂണിയന്റെ ആവശ്യം. ഇന്ന് വിദ്യാർഥി യൂണിയൻ വാർത്താ സമ്മേളനം നടത്തുകയും തുടര്ന്ന് തുടർ സമരം പ്രഖ്യാപിക്കുകയും ചെയ്യും. ഫീസ് കുത്തനെ വർധിപ്പിച്ചത് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് പാർലമെൻറിനു മുന്നിലേക്ക് മാർച്ചായി നീങ്ങിയ വിദ്യാർഥികളെ പൊലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്റെ അതിക്രമം വിദ്യാർഥികൾക്കു നേരെ അഴിച്ചുവിട്ടത്. പൊലീസിനൊപ്പം സിആർപിഎഫും വിദ്യാർത്ഥികളെ തല്ലിയിരുന്നു.
അന്ധ വിദ്യാർഥികൾ അടക്കം നിരവധി വിദ്യാർഥികൾക്ക് പൊലീസ് അതിക്രമത്തില് പരിക്കേറ്റിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയയ്ക്കുക, ഹോസ്റ്റൽ വിഷയത്തിൽ ചർച്ച നടത്തുക എന്നീ ആവശ്യങ്ങളുമായി വിദ്യാർഥികൾ റോഡിൽ സമരം തുടർന്നു. വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായതോടെ ജെ.എൻ.യു യൂനിയൻ നേതാക്കളെ കേന്ദ്ര മാനവ വിഭവശേഷി സെക്രട്ടറി ചർച്ചക്ക് വിളിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്. ബാരിക്കേഡ് തകർത്തു മുന്നേറാൻ ശ്രമിച്ചവർക്കു നേരെയും പൊലീസ് കയ്യേറ്റമുണ്ടായി. പലരെയും വലിച്ചിഴച്ചാണു നീക്കിയത്.
വിഷയത്തിൽ കഴിഞ്ഞയാഴ്ചയും സമരക്കാരുമായി പൊലീസ് ഏറ്റുമുട്ടിയതിനെ തുടർന്ന് വർധിപ്പിച്ച ഫീസിൽ സർക്കാർ നേരിയ കുറവു വരുത്തിയിരുന്നു. പൊലീസ് അതിക്രമത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണു വിദ്യാർഥികൾ.
Content highlight; JNU protest; police used lathi