മദ്യപിച്ച് ബഹളം വച്ചതിന് മണര്‍കാട് പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനകത്തെ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കമ്മീഷന്റെ നടപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നൽകണമെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡോമനിക് നിര്‍ദ്ദേശം നൽകിയത്.
മണർകാട് സ്വദേശി നവാസ് ആണ് മണര്‍കാട് പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. ഇയാള്‍ ഒമ്പത് മണിയോടെ ശുചിമുറിയില്‍ കയറിയത് ആരും കണ്ടിരുന്നുമില്ല. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം, നവാസിനെ കാണാതായെന്ന് മനസിലായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയതായി വ്യക്തമാകുന്നത്. 10.50നാണ് നവാസ് തൂങ്ങി നിൽക്കുന്നത് പൊലീസ് കണ്ടെത്തുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതും.