വിഡിയോ ആപ്പായ ടിക്ടോക്കിലൂടെ ശ്രദ്ധേയനായ ഡൽഹി സ്വദേശി അജ്ഞാതരായ മൂന്നംഗ സംഘത്തിൻെറ വെടിയേറ്റ് മരിച്ചു. ടിക്ടോക്കിൽ അഞ്ച് ലക്ഷം പേർ പിന്തുടരുന്ന മോഹിത് മോർ(24) ആണ് വെടിയേറ്റ് മരിച്ചത്. ഫിറ്റ്നസ് ട്രെയിനർ കൂടിയായ ഇയാൾ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും സ്ഥിരമായി വിഡിയോകൾ ചിത്രീകരിച്ച് ഇടാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഡല്‍ഹി ധര്മ്മപുരയിലായിരുന്നു സംഭവം.
ധര്‍മ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെയാണ് മോഹിതിന് നേരേ ആക്രമണമുണ്ടായത്. കടയിലേക്ക് ഇരച്ചുകയറിയ മൂന്നംഗസംഘം മോഹിതിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. 13 ബുള്ളറ്റുകളാണ് അക്രമികളുടെ തോക്കുകളില്‍നിന്ന് നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കറുത്ത മുഖംമൂടി ഉപയോഗിച്ച് മുഖം മറച്ചവരാണ് അക്രമം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബൈക്കുകളിലെത്തിയ മൂന്നംഗസംഘം സംഭവത്തിനുശേഷം സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനം. മോഹിത്തിൻെറ ടിക്ടോക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും അതിൽവന്ന കമൻറുകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.